- June 04, 2026
അമലയിൽ 110 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും 42 ക്രിത്രിമ സ്തനങ്ങളും നൽകി.
അമല നഗർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ 110 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി, സൗജന്യമായി വിഗ്ഗുകൾ നൽകി. സ്തനാർബുദം ബാധിച്ച രോഗികൾക്ക് 42 കൃത്രിമ സ്തനങ്ങളും മീറ്റിങ്ങിൽ സൗജന്യമായി വിതരണം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ നടന്ന 41-ാംമത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ, മുഖ്യ അതിഥി, മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് കുര്യൻ ജോസഫ് വിഗ്ഗുകൾനൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ ജൂലിയസ് അറയ്ക്കൽ സി.എം.ഐ., അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി സി. എം. ഐ., അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , ശ്രീമതി അപർണ ലവകുമാർ, സിനിമാതാരം, നിഷാദ് കല്ലിംങ്കൽ കേശദാനം കോ ഓർഡിനേറ്റർ, ശ്രീ. പി.കെ. സെബാസ്റ്റ്യൻ, ശ്രീമതി, സീന അഗസ്റ്റിൻ, വെൽനസ്സ് വിഭാഗം മേധാവി, ഡോ. സിസ്റ്റർ നാൻസി എസ് .എച്ച്. എന്നിവർ മീറ്റിങ്ങിൽ പ്രസംഗിച്ചു.അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി അപർണ ലവകുമാർ, മൂന്നാം തവണ 30 സെ.മീ. നീളത്തിൽ മുടി മുറിച്ചു നൽകി. കൂടെ ജോലി ചെയ്യുന്ന രണ്ട് വനിതാ പോലീസ് ഓഫീസർമാരായ എ. എസ്. ഐ ഷൈനി കെ.ഫ്, കോൺസ്റ്റബിൾ അമ്പിളി രമേഷ് എന്നിവർ കാൻസർരോഗികൾക്കായി മുടി മുറിച്ചു നൽകിയത് സമൂഹത്തിനു നൽകാവുന്ന വിശിഷ്ട മാതൃകയാണെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് അഭിപ്രായപെട്ടു.സിനിമാതാരം നിഷാദ് കല്ലിംങ്കൽ 30 സെ.മീ. നീളത്തിൽ തൻ്റെ മുടി ദാനം ചെയ്തു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാൻസർ രോഗികളും അവരുടെ കുടുംബാംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുത്തു. കേശദാനം = സ്നേഹദാനം ക്യാമ്പുകൾ സംഘടിപ്പിച്ച 11 സ്ഥാപനങ്ങളെയും അമല ആശുപത്രിയിൽവച്ച് മുടി മുറിച്ചു നൽകിയ 33 വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. രാവിലെ 11 മണിക്കു നടന്ന ചടങ്ങുകൾക്ക് അമല നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനികൾ നേതൃത്വം നൽകി.ഇതിനോടകം 2715 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകളും,സ്തനാർഭുത രോഗികൾക്ക് 1310 കൃത്രിമ സ്തനങ്ങളും സൗജന്യമായി നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി, ജോയിൻ്റ് ഡയക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. 2831 പുരുഷന്മാർ ഉൾപെടെ 3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24193 പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗ്ഗുകൾ കൊടുക്കുവാൻ കഴിഞ്ഞതെന്നും, ഫാ. ജെയ്സൺ അറിയിച്ചു. 2014 വർഷം മുതൽ 425 സ്ഥാപനങ്ങളിലായി 900 ത്തിലേറെ ക്യാമ്പുകൾ നടത്തിയാണ് വിഗ്ഗ് നിർമ്മണത്തിന് ആവശ്യമായ മുടി ശേഖരിക്കുന്നതെന്നും,ഇതുവരെ, ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗുകളും കൃത്രിമ സ്തനങ്ങളും നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നും അമല ആശുപത്രിയിലെ പാലിയറ്റീവ് കെയർ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായി കാൻസർ രോഗികൾക്ക് വിഗ്ഗുകളും കൃത്രിമ സ്തനങ്ങളും നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന കാൻസർ രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്നും വിഗ്ഗുകളും കൃത്രിമ സ്തനങ്ങളും സൗജന്യമായി നൽകുമെന്ന് ഫാദർ ജെയ്‌സൺ മുണ്ടൻമാണി പറഞ്ഞു